ആനന്ദത്തിൻറെ രഹസ്യം (2)


ആനന്ദത്തിൻറെ രഹസ്യം (2)

ഒരിക്കല്‍ ഹസ്രത്ത് റാബിഅ വീടിന് മുന്നില്‍ ദീര്‍ഘ നേരം എന്തോ തിരയുന്നതു കണ്ട് ആളുകള്‍ കൂടി. സൂര്യന്‍ അസ്തമിച്ച്കൊണ്ടിരിക്കുകയായിരുന്നു. തിരയുന്നതെന്താണെന്ന് തിരക്കിയ നാട്ടുകാരോട് അവര്‍ തന്‍റെ സൂചി നഷ്ടപ്പെട്ട വിവരം പറഞ്ഞു. സൂചി നഷ്ടപ്പെട്ട കൃത്യ സ്ഥലം പറഞ്ഞാല്‍ തങ്ങളും തിരയാന്‍ കൂടാമെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ സൂചി നഷ്ടപെട്ടത് തന്‍റെ കുടിലിലാണെന്നും അവിടെ വെളിച്ചമില്ലാത്തതിനാല്‍ വെളിച്ചമുള്ള പുറത്ത് തിരയുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതു കേട്ട നാട്ടുകാര്‍ക്ക് ചിരിക്കാതിരിക്കാനായില്ല. ആ വിശുദ്ധ സ്ത്രീക്ക് താളം തെറ്റിത്തുടങ്ങിയെന്ന് അവര്‍ ഉറപ്പിച്ചു. ജനം പിരിഞ്ഞുപോകാന്‍ തുടങ്ങി.

പിരിഞ്ഞുതുടങ്ങിയ ജനത്തെ തിരിച്ചുവിളിച്ച് അവര്‍ പറഞ്ഞു. ഞാന്‍ നിങ്ങളുടെ യഥാര്‍ത്ഥ അവസ്ഥയെ കാണിക്കുകയായിരുന്നു. നിങ്ങള്‍ ആനന്ദത്തിന് വേണ്ടി ലോകം മുഴുവന്‍ തിരയുകയാണ്. കാരണം മനുഷ്യന്‍റെ ഇന്ദ്രിയങ്ങളുടെ വെളിച്ചം മുഴുവന്‍ പുറത്തേക്കാണ്. കണ്ണും കാതും നാവുമെല്ലാം പുറം‌ലോകത്തെയാണ് കാണുന്നത്. ശൈശവത്തിലെ സമ്പൂര്‍ണ്ണ നിഷകളങ്കതയില്‍ ലഭിച്ചിരുന്ന ആനന്ദം എവിടെയാണ് നഷ്ടമായത് ? പരമാനന്ദത്തിന്‍റെ വേരുകള്‍ ഏത് സാഗരത്തിന്നടിയിലാണ് ? ഏത് കൊടുമുടിയുടെ ശിഖിരത്തിലാണ്. മനുഷ്യന്‍ അന്വേഷിച്ചലയുകയാണ്. ഉള്ളില്‍ വെളിച്ചമില്ലാത്തതിനാല്‍ അവന്‍ പുറത്തെ വെളിച്ചത്തില്‍ തിരഞ്ഞുതിരഞ്ഞു ജീവിതം തീര്‍ക്കുകയാണ്. നഷ്ടമായ ഉള്‍ത്തടത്തെ തിരിച്ചറിഞ്ഞ് അകത്തേക്ക് വെളിച്ചം വീശുക. അവിടെയാണ് ആനന്ദത്തിന്‍റെ വേരുകള്‍. പരമാനന്ദത്തിന്‍റെ രഹസ്യവും.

ആനന്ദമെന്നത് എന്താണ്അത് എവിടെ കുടികൊള്ളുന്നു? ആനന്ദം ലഭിക്കാനുള്ള മാര്‍ഗ്ഗമെന്താണ്. അതു വ്യക്തിജീവിതത്തില്‍ വരുത്തുന്ന അഭികാമ്യമായ മാറ്റങ്ങളെന്തൊക്കെയാണ്? സമൂഹത്തിലും രാഷ്ട്രജീവിതത്തിലും ലോകമെമ്പാടും ആനന്ദാനുഭവം വരുത്തുന്ന പരിണതതികളെന്തൊക്കെ? മാനവരാശി അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ അതെങ്ങനെ പരിഹരിക്കുന്നുആനന്ദിയായ മനുഷ്യന്റെയും കുടുംബത്തിന്റെയും ലോകത്തിന്റെയും സ്വരൂപമെന്താണ്? അവര്‍ എങ്ങനെ ചിന്തിക്കുകയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു? ജീവതത്തെ എങ്ങനെയാണ് അവര്‍ അഭിമുഖീകരിക്കുന്നത്ആനന്ദതത്ത്വശാസ്ത്രം പ്രായോഗികമാണോ?
. എന്നാല്‍ ആനന്ദത്തിന്റെ ഉറവിടം ഭൗതികപദാര്‍ത്ഥങ്ങളൊന്നുമല്ലെന്നു തിരിച്ചറിയാന്‍ വലിയ പ്രയാസമൊന്നുമില്ല.
 നമുക്കു പരിചയമുള്ള ഏതു സംഭവം പരിശോധിച്ചാലും ഇക്കാര്യം വ്യക്തമായിക്കൊള്ളും.
കൊച്ചുകുട്ടികള്‍ക്കു മൂന്നുവീലുള്ള സൈക്കിള്‍ ഏറെ ഹരമാണെന്നു ഏവര്‍ക്കുമറിയാം. അതു കിട്ടിയാല്‍ അവര്‍ക്കു ലഭിക്കുന്ന ആനന്ദത്തിനു പരിധിയുണ്ടാവുകയില്ല. അതുമായി അവര്‍ വീടിനു ചുറ്റും ഉത്സവമൊരുക്കും. എന്നാല്‍ അച്ഛനമ്മമാര്‍ക്ക് അതു വാങ്ങിക്കൊടുക്കാന്‍ കഴിയാതെ വന്നാലോ ? സമ്രാജ്യം നഷ്ടപ്പെട്ട ചക്രവര്‍ത്തിമാര്‍ക്കുപോലും ഇത്ര ദുഃഖമുണ്ടാവുകയില്ല. അത്രയേറെ അവര്‍ വേദനിക്കും. ഒരിക്കല്‍ അങ്ങനെ കരയുന്ന ഒരു മൂന്നുവയസ്സുകാരന്റെ അമ്മാവന് വിദേശത്തു ജോലികിട്ടി. അവധിക്കു വരുമ്പോള്‍ നല്ലൊരു ഫോറിന്‍ ത്രീവീലര്‍ സൈക്കിള്‍ വാങ്ങിക്കൊണ്ടുവന്നു കൊടുക്കാമെന്ന് യാത്രപുറപ്പെടുന്നേരം അയാള്‍ കുഞ്ഞിനെ സമാധാനിപ്പിക്കാന്‍ മറന്നില്ല.
പക്ഷേ പതിനഞ്ചുവര്‍ഷം കഴിഞ്ഞാണ് അയാള്‍ക്കു നാട്ടില്‍ മടങ്ങിവരാനായത്. ബന്ധുജനങ്ങള്‍ക്കോരോരുത്തര്‍ക്കും നല്ല നല്ല സമ്മാനങ്ങള്‍ കരുതുന്ന കൂട്ടത്തില്‍ തന്റെ അനന്തരവന്റെ കാര്യവും അയാള്‍ മറന്നില്ല. കേരളത്തില്‍ വിമാനമിറങ്ങുമ്പോള്‍ അനന്തരവന് ത്രീവീലര്‍ സൈക്കിള്‍ സമ്മാനമായി സ്‌നേഹപൂര്‍വ്വം നല്‍കിയാല്‍ എന്തായിരിക്കും അയാളുടെ പ്രതികരണംഇന്ന് അയാള്‍ കൊച്ചുകുട്ടിയല്ല; പതിനെട്ടുവയസ്സുള്ള യുവാവായി മാറിക്കഴിഞ്ഞിരിക്കുന്നു.
(തുടരും)


Previous
Next Post »