മാറ്റങ്ങൾക്ക് വേണ്ടി തയ്യാറെടുക്കുക
അൽത്വാഫ് വാഫി പാലോളി
പാലയിൽ മെഡിക്കൽ എൻട്രെൻസിനു വേണ്ടി തയ്യാറെടുക്കുന്ന വിദ്യാർത്ഥിയുമായി സംസാരിച്ചു. തിരൂർക്കാരനായ അവൻ കഴിഞ്ഞ എട്ടുമാസമായി അവിടെതന്നെയായിരുന്നു. അതിനിടയിൽ നോമ്പും പെരുന്നാളും വീട്ടിലേയും കുടുംബത്തിലേയും പല ആഘോഷങ്ങളും കഴിഞ്ഞു പോയി. ഒന്നിനും പങ്കെടുക്കാതെ എല്ലാം അവൻ തന്റെ ലക്ഷ്യങ്ങൾക്ക് വേണ്ടി മാറ്റിവെച്ചു.
ഒരു ബാഖവി സുഹൃത്ത് സിവിൽ സർവീസിന് പഠിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യയെ കുറിച്ചു പറഞ്ഞത് അവർ ഒരു ദിവസം മൂന്നു മണിക്കൂർ മാത്രമേ ഉറങ്ങാറുള്ളൂ എന്നാണ്.
ഭൗതിക കലാലയത്തിലെ വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടനത്തിനെത്തിയ ഒരു യുവ അഭിനേതാവിന്റെ പ്രസംഗം കേട്ടു. എല്ലാ സാഹചര്യം ഒത്തുവന്നിട്ടും ഒരിക്കൽ പോലും ഒരു 'പഫ്' പുകവലിക്കുകയോ ഒരു ഇറുക്ക് മദ്യം സേവിക്കുകയോ ചെയ്തിട്ടില്ല എന്ന് അദ്ദേഹം ഉറച്ച ശബ്ദത്തിൽ ആണയിട്ടു പറയുന്നു. കാരണം തന്റെ അഭിനയ മോഹങ്ങൾക്ക് തടസ്സമാകാൻ, ശോഷിച്ച ശരീരത്തെ നശിപ്പിക്കാൻ അതു ധാരാളമാണെന്ന് അദ്ദേഹത്തിന് ഉത്തമ ബോധ്യമുണ്ട്.
അതേ, നമ്മുടെ ലക്ഷ്യങ്ങൾ വലുതാകുമ്പോൾ അതിന് വേണ്ടി നാം പലതും ത്യജിക്കേണ്ടി വരുന്നു. നമ്മുടെ പല ഇഷ്ടങ്ങളും വേണ്ടെന്നു വെക്കുന്നു. ദോഷകരമായി ഭവിക്കുന്നതിനോടൊക്കെ 'നോ' പറയുന്നു. നമ്മുടെ ലക്ഷ്യങ്ങൾ ചെറുതാകുമ്പോഴും, പ്രത്യേകം ലക്ഷ്യങ്ങൾ ഇല്ലാതിരിക്കുമ്പോഴും നാം ഒഴുക്കിനനുസരിച്ചു ഒഴുകി നടക്കുകയും സാഹചര്യങ്ങളുടെ അടിമയായി തീരുകയും ചെയ്യുന്നു.
രണ്ടു സ്വപ്നങ്ങളാണ് ഒരു വിശ്വാസിയെ എപ്പോഴും വഴി നടത്തുന്നത്. പാരത്രിക ലോകത്തു വിജയിക്കുക എന്നത് പോലെ ഈ ലോകത്തും വിജയിക്കുക. അവിശ്വസിയെ പോലെ ദുനിയാവിന് വേണ്ടി മാത്രം ജീവിക്കുകയോ പുരോഹിതനെപോലെ മഠങ്ങളിൽ ഭജനമിരുന്നു ഐഹിക ലോകം പരിത്യജിക്കുകയോ വിശ്വാസിയുടെ വഴിയല്ല.
നബി അരുൾ ചെയ്യുന്നു:
اعمل لآخرتك كأنك تموت غدًا واعمل لدنياك كأنك تعيش أبدًا"
നാളെ മരിക്കുമെന്നവനെ പോലെ നീ പരലോകത്തിനായി പണിയെടുക്കൂ, നീ എന്നും ജീവിക്കുന്നവനെ പോലെ ദുന്യാവിന് വേണ്ടി ജോലി ചെയ്യൂ." എത്ര ഉൽകൃഷ്ടമായ സന്ദേശം!.
വിശ്വാസി എന്നും കർമ്മ നിരതനാണ്.
{ فَإِذَا فَرَغۡتَ فَٱنصَبۡ }
[Surah Ash-Sharh: 7]
"അതിനാല്‍ ഒന്നില്‍ നിന്നൊഴിവായാല്‍ (ഒരു കർമ്മത്തിൽ നിന്നു) മറ്റൊന്നില്‍ മുഴുകുക."
പലപ്പോഴും ഇടവേളകളാണ് അലസത സൃഷ്ടിക്കുന്നത്. പതിവാക്കി പോന്ന ആരാധനകൾക്ക് ഒരു ദിവസം ഇടവേള നൽകുമ്പോൾ പിന്നീട് അവ ചെയ്യാൻ മടിവരുന്നു. ഇനി ഒരിക്കലും ചെയ്യില്ലെന്ന് ശപഥം ചെയ്ത തിന്മ, തൽക്കാലത്തേക്ക് ചെയ്യുമ്പോൾ പിന്നീട് ഒരിക്കലും തിരിച്ചു പോകാനാകാത്ത വിധം തിന്മയുടെ ഉപാസകനായി മാറുന്നു. ഒരു നിമിഷത്തെ അശ്രദ്ധ മതി ജീവിതം തീരാൻ.
വിശ്വാസി സ്ഥിരോത്സാഹിയാണ്. നബി (സ്വ) പറയുന്നു:
من استوى يوماه فهو مغبون
"ഒരാൾ തന്റെ രണ്ടു ദിവസം ഒരു പോലെ ചിലവഴിച്ചാൽ അവൻ വഞ്ചിക്കപ്പെട്ടവനാണ്". അഥവാ ഓരോ ദിവസവും ജീവിതത്തിൽ പുരോഗതി വേണം. ഇന്നത്തെ തിനെക്കാൾ നാളെ ഉഷാറാകണം.
വിജയ മന്ത്രങ്ങളും സൂക്തങ്ങളുമുൾ കൊള്ളുന്ന പുസ്തങ്ങൾ വായിച്ചോ പ്രഭാഷണങ്ങൾ കേട്ടോ മാറണമെന്നും നന്നാവണമെന്നും നാം ആഗ്രഹിക്കും. ഉന്നത സോപാനങ്ങൾ കീഴടക്കുന്നത് പകൽ കിനാവ് കാണും. പക്ഷെ ഇതൊന്നും നമ്മളിൽ യാതൊരു മാറ്റവും കൊണ്ടുവരുന്നില്ല. മാറ്റ ത്തിനായി നാം തയ്യാറെടുക്കുക തന്നെ വേണം.
{ لَهُۥ مُعَقِّبَـٰتࣱ مِّنۢ بَیۡنِ یَدَیۡهِ وَمِنۡ خَلۡفِهِۦ یَحۡفَظُونَهُۥ مِنۡ أَمۡرِ ٱللَّهِۗ إِنَّ ٱللَّهَ لَا یُغَیِّرُ مَا بِقَوۡمٍ حَتَّىٰ یُغَیِّرُوا۟ مَا بِأَنفُسِهِمۡۗ وَإِذَاۤ أَرَادَ ٱللَّهُ بِقَوۡمࣲ سُوۤءࣰا فَلَا مَرَدَّ لَهُۥۚ وَمَا لَهُم مِّن دُونِهِۦ مِن وَالٍ }
[Surah Ar-Ra`d: 11]
"എല്ലാ ഓരോ മനുഷ്യന്റെയും മുന്നിലും പിന്നിലും അവന്നായി നിയോഗിക്കപ്പെട്ട മേല്‍നോട്ടക്കാരുണ്ട്. അല്ലാഹുവിന്റെ കല്പന പ്രകാരം അവരവനെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. *അല്ലാഹു ഒരു ജനതയുടെയും അവസ്ഥയില്‍ മാറ്റം വരുത്തുകയില്ല; അവര്‍ തങ്ങളുടെ സ്ഥിതി സ്വയം മാറ്റുന്നതുവരെ.* എന്നാല്‍ അല്ലാഹു ഒരു ജനതക്ക് വല്ല ദുരിതവും വരുത്താനുദ്ദേശിച്ചാല്‍ ആര്‍ക്കും അത് തടുക്കാനാവില്ല. അവനെക്കൂടാതെ അവര്‍ക്ക് രക്ഷകനുമില്ല." അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ
ConversionConversion EmoticonEmoticon